മദ്യപിച്ച് പോലീസ് വാഹനമോടിച്ച് അപകടമുണ്ടാക്കി; എ.എസ്.ഐയെ നാട്ടുകാര്‍ പിടികൂടി


മലപ്പുറം: മദ്യപിച്ച് വാഹനമോടിച്ച് അപകടംവരുത്തിയ എ.എസ്.ഐയെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. മലപ്പുറം മങ്കട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മലപ്പുറം സ്റ്റേഷനിലെ എ.എസ്.ഐ ഗോപി മോഹനനാണ് മദ്യപിച്ച ശേഷം പോലീസ് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത്. കാറിലിടിച്ച ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് യാത്രികന് നേരേയും പോലീസ് വാഹനം കുതിച്ചെത്തി. വെട്ടിച്ച് രക്ഷപ്പെട്ട ബൈക്ക് യാത്രികന്‍ സംശയത്തെ തുടര്‍ന്ന് പിന്തുടര്‍ന്ന് വാഹനം തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പോലീസിനെ വിളിച്ച് വരുത്തുകയായിരുന്നു.
നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തിയപ്പോള്‍ താന്‍ വണ്ടിയെടുത്ത് പോകുമെന്ന് എഎസ്ഐ പറയുകയുണ്ടായി. എന്നാല്‍ വാഹനത്തിന്റെ ചാവിയൂരിയെടുത്ത നാട്ടുകാര്‍ ഇയാളെ പോകാന്‍ അനുവദിച്ചില്ല.
മലപ്പുറം എസ്പി ഓഫീസിലേക്ക് വിളിച്ച് നാട്ടുകാര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് മങ്കട സിഐയുടെ നേതൃത്വത്തിലുള്ള സംഘം എത്തി എ.എസ്.ഐയെ കൊണ്ടുപോയി. അപകടത്തില്‍പ്പെട്ട കാറിന്റെ ഡ്രൈവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടംവരുത്തിയതിനുമാണ് കേസ്.

The post മദ്യപിച്ച് പോലീസ് വാഹനമോടിച്ച് അപകടമുണ്ടാക്കി; എ.എസ്.ഐയെ നാട്ടുകാര്‍ പിടികൂടി appeared first on Keralabhooshanam Daily.


Leave a Comment