മഹാരാജാസ് കോളജ് ബുധനാഴ്ച തുറക്കും; വിദ്യാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി


കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിട്ടിരുന്ന എറണാകുളം മഹാരാജാസ് കോളജ് ബുധനാഴ്ച തുറക്കും. രണ്ടു ദിവസമായി തുടര്‍ന്നു വരുന്ന വിവിധ സംഘടനകളുടെ യോഗത്തിനൊടുവിലാണ് തീരുമാനം. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാതെ വിദ്യാര്‍ഥികളെ കോളജില്‍ പ്രവേശിപ്പിക്കില്ല. വൈകിട്ട് ആറു മണിക്കുശേഷം ആരെയും ക്യാംപസില്‍ തങ്ങാന്‍ അനുവദിക്കുകയുമില്ല.
കോളജില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ച് എത്രയും വേഗം തുറക്കണമെന്ന് തിങ്കളാഴ്ച ചേര്‍ന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു. പിന്നാലെയാണ് പിടിഎ, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, അധ്യാപക യോഗം ചേര്‍ന്നത്. കോളജ് തുറക്കുക എന്നതായിരുന്നു യോഗത്തിലെ പ്രധാന അജന്‍ഡ എന്ന് പ്രിന്‍സിപ്പലിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന ഇസ്‌ലാമിക് ഹിസ്റ്ററി വകുപ്പു മേധാവി ഡോ. ഷജീലാ ബീവി വ്യക്തമാക്കി.
”അധ്യാപകരും വിദ്യാര്‍ഥികളുമായി സംസാരിച്ചതില്‍നിന്ന് സമാധാനപരമായി മുന്നോട്ടു പോകാം എന്ന് തീരുമാനിക്കുകയായിരുന്നു. കോളജ് ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുക എന്നതാണു പ്രധാനം. മാര്‍ച്ചില്‍ ആറാം സെമസ്റ്റര്‍ പരീക്ഷ ഉള്ളതിനാല്‍ ക്ലാസുകളും പ്രാക്ടിക്കലും നടക്കാനുണ്ട്. ആറു മണിക്ക് തന്നെ കോളജിന്റെ ഗേറ്റുകള്‍ അടയ്ക്കും. കോളജിലെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും.
തിരിച്ചറിയല്‍ കാര്‍ഡ് കൈവശമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് അവ നല്‍കും. കോളജിലെ അച്ചടക്ക സമിതി കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. അതോടൊപ്പം രക്ഷാകര്‍ത്താക്കളുടെ ഇടപെടല്‍ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോളജില്‍ കുറച്ചു ദിവസത്തേക്ക് പൊലീസിന്റെ സാന്നിധ്യം തുടരും” ഡോ. ഷജീലാ ബീവി പറഞ്ഞു. പ്രിന്‍സിപ്പലായിരുന്ന ഡോ. വി.എസ്.ജോയിയെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് കോളജില്‍ സംഘര്‍ഷം ആരംഭിച്ചത്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥിയുമായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി പി.എ.അബ്ദുള്‍ നാസറിനാണ് കോളജില്‍ വെട്ടേറ്റത്. ഇതിനു പിന്നില്‍ കെഎസ്‌യുഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. എസ്എഫ്‌ഐക്കാര്‍ ആക്രമണമഴിച്ചു വിടുകയാണെന്ന് ആരോപിച്ച് കെഎസ്‌യുവും രംഗത്തെത്തി.
ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതോടെയാണ് അനിശ്ചിത സമയത്തേക്ക് കോളജ് അടച്ചിടാന്‍ തീരുമാനിച്ചത്. ഇതിനു പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോളജ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇരു വിഭാഗങ്ങളും പൊലീസിലും പരാതി നല്‍കി.
മഹാരാജാസില്‍ സമാധാനം പുനഃസ്ഥാപിച്ച് എത്രയും വേഗം കോളജ് തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നേരത്തെ വ്യക്തമാക്കിയിരുന്നു. മഹാരാജാസിലെ പ്രശ്‌നം കൃത്യമായി പരിഹരിക്കുന്നതിന് ഡയറക്ടര്‍ ഓഫ് കൊളീജിയറ്റ് എജ്യൂക്കേഷനെ ചുമതലപ്പെടുത്തി. മഹാരാജാസുമായി ബന്ധപ്പെട്ട് താന്‍ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.




Leave a Comment