തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ; ഒരു മാസത്തിന് ശേഷം ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍


തിരുവനന്തപുരം: തിരുവല്ലത്ത് ഷഹാന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ മൂന്നു പേര്‍ പിടിയില്‍. ഭര്‍ത്താവ് നൗഫല്‍, ഭര്‍ത്താവിന്റെ അച്ഛന്‍ സജിം, ഭര്‍തൃ മാതാവ് സുനിത എന്നിവരെയാണ് പിടികൂടിയത്. ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ഷഹാന ആത്മഹത്യ ചെയ്തത്. പ്രതികള്‍ ഒരു മാസമായി ഒളിവിലായിരുന്നു. ഇവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കിയെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
ഷഹാനയെ ആശുപത്രിയില്‍ വെച്ച് വരെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഷഹാനയുടെ കുടുംബത്തിന്റെ പരാതിയില്‍ തിരുവല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. 2020ലായിരുന്നു നൗഫല്‍-ഷഹാന ദമ്പതികളുടെ വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. പിന്നീട് ഷഹാനയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പോരെന്ന് പറഞ്ഞ് നൗഫലിന്റെ ഉമ്മ അടക്കമുള്ള ബന്ധുക്കള്‍ നിരന്തരം പരിഹസിക്കുകയായിരുന്നുവെന്ന് ഷഹാനയുടെ ബന്ധുക്കള്‍ പറയുന്നു. പരിഹാസം പിന്നെ പീഡനമായി മാറി. നൗഫല്‍ ഇത് തടഞ്ഞില്ലെന്നും ഷഹാനയുടെ കുടുംബം ആരോപിക്കുന്നു. ഇതിനിടെ നൗഫലിന്റെ ചികിത്സക്കായി പോയ സമയത്ത് ഷഹാനയെ ആശുപത്രിയില്‍ വെച്ച് നൗഫലിന്റെ ഉമ്മ മര്‍ദിച്ചതായി കുടുംബം പറഞ്ഞിരുന്നു. ഇതോടെ ഷഹാന സ്വന്തം വീട്ടിലേക്ക് താമസം മാറ്റി.
അതിനിടെ, വീട്ടിലെത്തിയ നൗഫല്‍ വീട്ടില്‍ നടക്കുന്ന സഹോദരന്റെ മകന്റെ പിറന്നാള്‍ ചടങ്ങിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും ഷഹാന കൂട്ടാക്കിയില്ല. തുടര്‍ന്ന് ഒന്നര വയസുള്ള മകനുമായി വീട്ടിലേക്ക് പോയ നൗഫല്‍ അര മണിക്കൂറിനുള്ളില്‍ വീട്ടില്‍ എത്തിയില്ലെങ്കില്‍ ഷഹാനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുമെന്ന് പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. പിന്നാലെയാണ് മുറിയില്‍ കയറി വാതിലടച്ച ഷഹാന ആത്മഹത്യ ചെയ്തത്. പോത്തന്‍കോട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പൊലീസ് ഷഹാനയുടെ ബന്ധുക്കളുടെ മൊഴിയെടുത്തായിരുന്നു അന്വേഷണം.

The post തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യ; ഒരു മാസത്തിന് ശേഷം ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍ appeared first on Keralabhooshanam Daily.


Leave a Comment