കിഫ്ബി മസാല ബോണ്ട് ; ഇഡിയുടെ സമന്‍സിനെതിരെ കോടതിയെ സമീപിക്കുമെന്ന് തോമസ് ഐസക്


കൊച്ചി: ഇഡിയുടെ സമന്‍സിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ സംബന്ധിച്ചും അതിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ചും ഓറല്‍ എവിഡന്‍സ് നല്കുന്നതിനായി ഹാജരാകണം എന്നാണ് ഇപ്പോഴത്തെ സമന്‍സ്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ച് ഇന്ന് അദേഹം ഹാജരായിരുന്നില്ല.

കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍, കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍ വഹിക്കേണ്ടിവന്ന ചുമതലകളാണ്. എന്നാല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ തനിക്ക് ലഭ്യമല്ലെന്നും ഇഡിയോട് ഒന്നും പറയാനില്ലെന്നും അദേഹം പറഞ്ഞു. കൂടാതെ ഇഡി വീണ്ടും സമന്‍സ് അയക്കുകയാണെങ്കില്‍ സംരക്ഷണത്തിന് കോടതിയെ സമീപിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.

എന്ത് ചെയ്യാന്‍ പാടില്ലായെന്ന് കോടതി പറഞ്ഞുവോ അതിന്റെ അന്തസത്തയ്ക്ക് വിരുദ്ധമാണ് ഇഡിയുടെ പുതിയ സമന്‍സെന്ന് ചൂണ്ടിക്കാണിച്ച് വിശദമായ മറുപടി നല്‍കി. പഴയ സമന്‍സുകള്‍ എന്തുകൊണ്ടാണോ പിന്‍വലിക്കാന്‍ ഇഡി നിര്‍ബന്ധിതമായത് അതേ സ്വഭാവത്തിലുള്ള സമന്‍സാണ് ഇപ്പോഴത്തേതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Comment